റോബർട്ട് ബേൺസ്

സ്കോട്ട്‌ലണ്ടിലെ ഒരു കവിയും പാട്ടുകാരനും ആയിരുന്നു റോബർട്ട് ബേൺസ് (ജനനം: 25 ജനുവരി 1759; മരണം 21 ജൂലൈ 1796). പാട്ടക്കുടിയാനായ ഒരു കർഷകന്റെ മകനായി ജനിച്ച് കർഷകനായി ജീവിച്ച അദ്ദേഹം, ഉഴവുകാരൻ കവി(Ploughman Poet), റാബീ ബേൺസ്, സ്കോട്ട്‌ലണ്ടിന്റെ ഇഷ്ടപുത്രൻ, ഐർഷയറിലെ ഗായകൻ എന്നീ പേരുകളിലും, സ്കോട്ട്‌ലണ്ടിൽ ‘ഗായകൻ’ ഒറ്റപ്പേരിലും അറിയപ്പെടുന്നു.[1][2]സ്കോട്ട്‌ലണ്ടിന്റെ ദേശീയകവിയായി ലോകമൊട്ടാകെ അദ്ദേഹം മാനിക്കപ്പെടുന്നു. സ്കോട്ട്സ് ഭാഷയിൽ എഴുതിയ കവികളിൽ ഏറ്റവും പ്രശസ്തൻ ബേൺസ് ആണെങ്കിലും, അദ്ദേഹത്തിന്റെ രചനകളിൽ ഗണ്യമായൊരു ഭാഗം ഇംഗ്ലീഷിലും, പുറത്തുള്ളവർക്കും മനസ്സിലാകുന്ന തരം സ്കോട്ട്സ് നാട്ടുഭാഷയിലും ആയിരുന്നു. സാധാരണ ഇംഗ്ലീഷ് ഭാഷയിൽ എഴുതിയ കവിതകളിലാണ്‌ അദ്ദേഹത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ നിലപാടുകൾ ഏറ്റവും നിശിതമായിരിക്കുന്നത്.

റോബർട്ട് ബേൺസ്

റോബർട്ട് ബേൺസിന്റെ ഏറ്റവും അറിയപ്പെടുന്ന ചിത്രം
ജനനം (1759-01-25)25 ജനുവരി 1759

അല്ലോവേ, ഐർഷയർ, സ്കോട്ട്‌ലൻഡ്
മരണം 21 ജൂലൈ 1796(1796-07-21) (പ്രായം 37)

ഡംഫ്രീസ്, സ്കോട്ട്‌ലൻഡ്
ദേശീയത സ്കോട്ടിഷ്
തൊഴിൽ കവി, പാട്ടെഴുത്തുകാരൻ, കർഷകൻ, ചുങ്കംപിരിവുകാരൻ
സാഹിത്യപ്രസ്ഥാനം കാല്പനികത
പ്രധാന കൃതികൾ ഓൾഡ് ലാങ്ങ് സിൻ, എലിയോട്, അ മേൻ ഈസ് അ മേൻ ഫോർ ഓൾ ദാറ്റ്, ഒരു സ്നേഹചുംബനം, സ്കോട്ട്സ് വാ ഹേ, ഷാന്ററിലെ ടാം
സ്വാധീനിച്ചവർ റോബർട്ട് ഫെർഗൂസൻ
സ്വാധീനിക്കപ്പെട്ടവർ Charlotte Brontë, John Clare, Samuel Taylor Coleridge, Bob Dylan, James Whitcomb Riley, Frank Lebby Stanton, John Steinbeck, William Wordsworth,
ഒപ്പ്

കാല്പനികപ്രസ്ഥാനത്തിന്റെ ആരംഭകരിൽ ഒരാളായി ബേൺസ് എണ്ണപ്പെടുന്നു. മരണശേഷം, ലിബറലിസത്തിന്റേയും, സമാജവാദത്തിന്റേയും ആദ്യകാലവക്താക്കളെ അദ്ദേഹം കാര്യമായി സ്വാധീനിച്ചു. സ്കോട്ട്‌ലണ്ടിലും, വിദേശങ്ങളിലെ സ്കോട്ട് പ്രവാസികൾക്കിടയിലും ബേൺസ് ഒരു സാംസ്കാരിക ബിംബമാണ്‌. പത്തൊൻപതും ഇരുപതും നൂറ്റാണ്ടുകളിൽ അദ്ദേഹത്തിന്റെ ജീവിതത്തിന്റേയും കവിതകളുടേയും ഉജ്ജ്വലത ഏറെ ആഘോഷിക്കപ്പെടുകയും ഒരു ബേൺസ് ആരാധനയ്ക്കു തന്നെ ജന്മം കൊടുക്കുകയും ചെയ്തു. സ്കോട്ട് സ്വാഹിത്യത്തിന്മേൽ ബേൺസ് ഇന്നും വലിയൊരു സ്വാധീനമാണ്‌. 2009-ൽ സ്കോട്ട്‌ലണ്ടിലെ ദേശീയ ടെലിവിഷൻ ചാനൽ നടത്തിയ ഒരു വോട്ടെടുപ്പിൽ, ഏക്കാലത്തേയും ഏറ്റവും മഹാനായ സ്കോട്ട്‌ലണ്ടുകാരനായി അദ്ദേഹം വിലയിരുത്തപ്പെട്ടു.

ഓൾഡ് ലാങ്ങ് സിൻ (Auld Lang Syne – Old Long Since) എന്ന അദ്ദേഹത്തിന്റെ കവിത വർഷാവസാന ദിനം പാടുന്നത് പതിവാണ്‌. സ്കോട്ട്സ് വാ ഹേ(Scots Wha Hae – Scots Who Have) എന്ന ഗീതം ഏറെക്കാലം സ്കോട്ട്‌ലണ്ടിന്റെ ദേശീയഗാനമായിരുന്നു. ചുവന്നു ചുവന്നൊരു റോസപ്പൂവ് (A Red, Red Rose); അ മേൻ ഈസ് എ മേൻ ഫോർ ഓൾ ദാറ്റ് (A Man’s A Man for A’ That); പേനിനോട് (To a Louse); ചുണ്ടെലിയോട്(To a Mouse) തുടങ്ങിയവ ബേൺസിന്റെ പ്രസിദ്ധമായ മറ്റു രചനകളിൽ ചിലതാണ്‌. സ്വന്തമായി കവിതകൾ എഴുതിയതിനു പുറമേ, സ്കോട്ട്‌ലണ്ടിലെ നാടൻ പാട്ടുകൾ ശേഖരിക്കാന്നതിൽ വഹിച്ച പങ്കിന്റെ പേരിലും ബേൺസ് സ്മരിക്കപ്പെടുന്നു.

. . . റോബർട്ട് ബേൺസ് . . .

സ്കോട്ട്‌ലണ്ടിലെ അല്ലോവേയിൽ റോബർട്ട് ബേൻസ് ജനിച്ച മൺകുടിൽ

പാവപ്പെട്ട പാട്ടക്കുടിയാനായിരുന്ന വില്യം ബേൺസിന്റേയും ആഗ്നസ് ബ്രൗണിന്റെയും ഏഴുമക്കളിൽ മൂത്തവനായി സ്കോട്ട്‌ലണ്ടിലെ അല്ലോവേ എന്ന സ്ഥലത്തെ ഒരു മൺകൂരയിലാണ്‌ റോബർട്ട് ബേൺസ് ജനിച്ചത്. അദ്ദേഹത്തിനു ഏഴു വയസ്സുള്ളപ്പോൾ കുടുംബം അല്ലോവേയിൽ നിന്ന് മൗണ്ട് ഒലിഫാന്റ് എന്ന കൃഷിയിടത്തിലേയ്ക്ക് കുടിമാറി. ദാരിദ്ര്യവും കഠിനമായ കായികാദ്ധ്വാനവുമായി ബേൺസ് അവിടെ വളർന്നു. ഇക്കാലത്ത് ഔപചാരിക വിദ്യാഭ്യാസത്തിന്‌ അധികം അവസരമൊന്നും കിട്ടിയില്ലെങ്കിലും തനിക്കറിയാവുന്നത്ര എഴുത്തും വായനയും ഗണിതവും ഭൂമിശാസ്ത്രവും ചരിത്രവും പിതാവ് മക്കളെ പഠിപ്പിച്ചിരുന്നു. മക്കൾക്കുവേണ്ടി, “ക്രിസ്തീയ വിശ്വാസത്തിന്റെ ഒരു ലഘുസംഹിത”(A manual of Christian belief) സ്വയം എഴുതിയുണ്ടാക്കുക പോലും ചെയ്തു അദ്ദേഹം. പതിമൂന്നു വയസ്സുള്ളപ്പോൾ ഒരു പണിയാളുടെ മുഴുവൻ ജോലി കൃഷിയിടത്തിൽ ചെയ്യാൻ തുടങ്ങിയ റോബർട്ട് ബേൺസ് 16-ആമത്തെ വയസ്സിൽ അവിടത്തെ മുഖ്യ വേലക്കാരനായി. കഠിനാദ്ധ്വാനം മൂലം അകാലത്തിലേ അദ്ദേഹത്തിനു ചെറിയ കൂനു ബാധിച്ചിരുന്നു. പതിനഞ്ചാമത്തെ വയസ്സിൽ വീട്ടിൽ കൃഷിപ്പണിയ്ക്ക് സഹായി ആയി വന്ന നെല്ലി കിക്‌പാട്രിക്കായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാമുമി. കവിതാരചനയിൽ ബേൺസിന്റെ ആദ്യസം‌രംഭത്തിനു പ്രേരണയായത് അവളായിരുന്നു.[൧]

. . . റോബർട്ട് ബേൺസ് . . .

This article is issued from web site Wikipedia. The original article may be a bit shortened or modified. Some links may have been modified. The text is licensed under “Creative Commons – Attribution – Sharealike” [1] and some of the text can also be licensed under the terms of the “GNU Free Documentation License” [2]. Additional terms may apply for the media files. By using this site, you agree to our Legal pages . Web links: [1] [2]

. . . റോബർട്ട് ബേൺസ് . . .

Previous post മരെവാൾ
Next post തിരമാല (ചലച്ചിത്രം)